പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

മലപ്പുറം : വണ്ടൂരില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ 14,15 വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇരുവരും ചേർന്ന് ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയത്.

ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.കുട്ടികളെ കാണാതായതോടെ അമ്മയുടെ സഹോദരി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ പ്രതികളുമായി പ്രണയത്തിലായിരുന്നു.ബെംഗളൂരുവിൽ വീട് സംഘടിപ്പിച്ച് ഒരു ദിവസം അവിടെ താമസിച്ചാണ് പെൺകുട്ടികളെ ഇരുവരും ചേര്‍ന്ന് മദ്യം നൽകി പീഡിപ്പിച്ചത്. മടങ്ങിവരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.