നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ചത് മുസ്ലിങ്ങൾക്ക് കൊടുക്കാനാണ് കോൺഗ്രസ് പദ്ധതി, പ്രധാനമന്ത്രി മോദി

രാജസ്ഥാൻ,ബൻസ്‌വാര : രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ്‌ പാര്‍ട്ടി നുഴഞ്ഞുകയറ്റക്കാർക്ക് അതായത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി. രാജസ്ഥാനിലെ ബൻസ്‌വാരയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം വന്‍ വിവാദമായി മാറി.രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോള്‍ വോട്ട് നേടാനായി മൂർച്ചയേറിയ പ്രസ്താവനകളും വിവാദങ്ങളും കൊണ്ട് നിറയുകയാണ്.

കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിന്‍റെ സ്വത്തിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്ന് പറഞ്ഞിരുന്നു. ഇതിനർത്ഥം ഈ സ്വത്ത് അവര്‍ ആർക്ക് വിതരണം ചെയ്യും? കൂടുതൽ കുട്ടികളുള്ളവർക്ക് ഇത് വിതരണം ചെയ്യും. നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കണോ? പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നു.

തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പ്രധാനമന്ത്രി മോദി നുണയ്ക്ക് പിന്നാലെ നുണകള്‍ പറയുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണകൾ രാജ്യത്തിന് മാത്രമല്ല, ലോകം മുഴുവനും അറിയാം, കോൺഗ്രസിന്‍റെ ‘ന്യായ പത്ര’ത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെക്കുറിച്ചും മോദി നുണ പ്രചരിപ്പിച്ച രീതി വൃത്തികെട്ട രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

യഥാര്‍ത്ഥ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്.ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയാണ് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളില്‍ നിഴലിക്കുന്നത്.രാജ്യം ഇപ്പോൾ തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യയ്ക്ക് പിഴവ് സംഭവിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒബിസി, ന്യൂനപക്ഷങ്ങൾ, എസ്‌സി-എസ്‌ടി, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തെക്കുറിച്ച്‌ അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസാരിച്ചതിനെ വളച്ചൊടിച്ച് നേട്ടം കൊയ്യാനാണ് മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു.