നൈറ്റ് കഫെ അടിച്ചു തകർത്തു,ജീവനക്കാരെ ആക്രമിച്ചു,മദ്യ ലഹരിയിലായിരുന്ന യുവതിയും സംഘവും അറസ്റ്റിൽ

കൊച്ചി: മദ്യ ലഹരിയിൽ പനമ്പിള്ളി നഗറിൽ നൈറ്റ് കഫെ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത യുവതിയും സംഘവും അറസ്റ്റിൽ. സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെ സൗത്ത് പോലീസ് പിടികൂടി.കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപെട്ടു.

കൊച്ചി പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സാപിയൻസ് കഫറ്റേരിയയാണ് ഇവർ ആയുധങ്ങളുമായി എത്തി അക്രമിച്ചത്.കണ്ടാലറിയാവുന്ന 4 പേർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അക്രമത്തിൽ കടയുടമയക്കും പാർട്ടണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റിരുന്നു. കടയിലെ സാധനങ്ങളൊക്കെ തല്ലിതകർത്ത് വകയിൽ 3 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

സാപിയൻസ് കഫറ്റേരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻ സുഹൃത്തുമായി നടന്ന വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വാക്കുതർക്കം ഒടുവിൽ കയ്യാങ്കളി ആകുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ലീനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഇതിനിടയിൽ ഇവർ എത്തിയ കാറിന്റെ ചില്ല് ഓറൽ പൊട്ടിച്ചു. ഇതിനെ തുടർന്ന് ലീന പനമ്പിള്ളിയിലുള്ള ചിലരുമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.