വാരണാസി : തന്റെ ഭരണത്തിൽ ആളുകളെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയിലെ ജനങ്ങള്‍ തന്നെ അധികാരത്തിലെത്തിക്കുമെന്നും മുസ്ലിം വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്നും നരേന്ദ്ര മോദി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വാരണാസിയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
അയല്‍പക്കത്തെ ആളുകള്‍ക്കൊപ്പം കുട്ടിക്കാലത്ത് ഈദ് ആഘോഷിച്ചിരുന്നതായും 2002ന് ശേഷം തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായും മോദി പറഞ്ഞു.2002-ല്‍ തന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റപ്പോള്‍ അടിത്തട്ടിലുള്ള യാഥാര്‍ത്ഥ്യം അറിയുന്നതിനായി താന്‍ ഒരു സര്‍വെ നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘കുട്ടിക്കാലത്ത് ഞാന്‍ മുസ്ലിം കുടുംബങ്ങള്‍ക്കൊപ്പമാണ് ജീവിച്ചിരുന്നത്. എനിക്ക് മുസ്ലിം സമുദായത്തില്‍ നിന്നുള്ള ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. 2002ന് ശേഷം എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു.ഞങ്ങളുടെ അയല്‍പക്കത്ത് മുസ്ലിം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഈദിന് ഞങ്ങളുടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. കാരണം, തൊട്ടടുത്തുള്ള മുസ്ലിം കുടുംബങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്ന് തരുമായിരുന്നു,’’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.