മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി; ആദ്യത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തി. ഇതോടെ തമിഴ്നാട് ആദ്യത്തെ മുന്നറിയിപ്പ് നല്‍കി.

നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. സെക്കന്റില്‍ 1544 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. 525 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം കനത്ത മഴയേ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്‍റിമീറ്ററാണ് അന്ന് ഉയര്‍ത്തിയത്. റൂള്‍ കര്‍വ് പരിധിയായി നിശ്ചയിച്ചിരിക്കുന്ന 137.50 അടിയില്‍ ജലനിരപ്പ് എത്തിയതിന് പിന്നാലെയാണ് അണക്കെട്ട് തുറന്നത്.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ശിവഗിരി മലകളില്‍ നിന്നുത്ഭവിക്കുന്ന മുല്ലയാര്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. 999 വര്‍ഷത്തേക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിനു പാട്ടത്തിനു നല്‍കിയത്.