കുപ്രസിദ്ധ ക്രിമിനല്‍ കഞ്ചാവുമായി പോലീസ് പിടിയില്‍

ചാലക്കുടി: വില്‍പ്പനക്കായി കരുതിയിരുന്ന കഞ്ചാവ് പൊതികളുമായി കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍. പോട്ട പനമ്ബിള്ളി കോളജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു (32 ) ആണ് അറസ്റ്റിലായത്.

മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറത്ത് നടന്ന ഹൈവേ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

പോട്ട, പനമ്ബിള്ളി കോളേജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന് കിട്ടുന്നുണ്ടെന്ന ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളായി ഷാഡോ പോലീസ് സംഘം ഈ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഈ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി വന്ന ഷൈജുവിനെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാല്‍ ഇയാളുടെ ജാമ്യമം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.