ഫോൺ നമ്പർ സേവ് ചെയ്യാതെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാം, വാട്സ്ആപ്പിലെ പുതിയ ഫീച്ചർ ഉടൻ എത്തും

ഗ്രൂപ്പ് ചാറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈൽ ഫോട്ടോ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഇതോടെ, ഫോൺ നമ്പർ സേവ് ചെയ്യാത്തവർക്കും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ തിരിച്ചറിയാൻ സാധിക്കും. നിലവിൽ, ഡെസ്ക്ടോപ്പിൽ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചിലരിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതൽ വിജയകരമാകുന്നതോടെ വാട്സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും ഉടൻ തന്നെ ലഭിക്കുന്നതാണ്.

ചില ഉപയോക്താക്കൾ പ്രൊഫൈൽ ഫോട്ടോ സെറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ ഡിഫോൾട്ട് പ്രൊഫൈൽ ഐക്കണാണ് ദൃശ്യമാകുക. പേരിന്റെ അതേ നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്ത നിലയിലായിരിക്കും പ്രൊഫൈൽ ഫോട്ടോ. കൂടാതെ, ചില ഉപയോക്താക്കൾ പേരിന് സമാനമായ മറ്റ് പേരുകളാണ് ചേർക്കാറുള്ളത്. ഈ ഘട്ടത്തിലും മറ്റ് അംഗങ്ങളെ തിരിച്ചറിയുന്നതിന് പുതിയ ഫീച്ചർ സഹായിക്കുന്നതാണ്. ഈ ഫീച്ചറിന് രൂപം നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ഒക്ടോബറിലാണ് വാട്സ്ആപ്പ് പുറത്തുവിട്ടത്.