ഗുജറാത്തിൽ കോൺഗ്രസിന് സാധ്യതയേറിയെന്നു ജിഗ്നേഷ് മേവാനി, മോദി പ്രഭാവം അവസാനിച്ചെന്നും പ്രസ്താവന

അഹമ്മദാബാദ്: ഗുജറാത്തിൽ മോദി പ്രഭാവം അവസാനിച്ചെന്ന് കോൺഗ്രസ് നേതാവും വഡ്ഗാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനി. ഇത്തവണ കോൺഗ്രസ് ഭരണം പിടിക്കാൻ സാധ്യതയേറിയെന്ന് ജിഗ്നേഷ് അവകാശപ്പെട്ടു. താൻ മരണം വരെയും ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞതവണ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച സീറ്റിൽ ഇത്തവണ കോൺഗ്രസ് ചിഹ്നത്തിലാണ് ദളിത് നേതാവായ മേവാനി മത്സരിക്കുന്നത്. 2017ൽ കോൺഗ്രസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മൂന്ന് യുവനേതാക്കളിൽ ജിഗ്നഷ് മാത്രമാണ് ഇന്ന് പാർട്ടിയിൽ അവശേഷിക്കുന്നത്.

ഹാർദിക് പട്ടേലിൻ്റെയും അൽപേഷ് താക്കൂറിൻ്റെയും കളംമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് വളരെ കരുതലോടെയുള്ള മറുപടിയാണ് മനോരമയ്ക്ക് മേവാനി നൽകിയത്. കോൺഗ്രസ് വിട്ട മുൻ എംഎൽഎ മണിലാൽ വഗേലയാണ് ജിഗ്നേഷിൻ്റെ മുഖ്യ എതിരാളി. മുസ്ലീം വോട്ട് നിർണായകമാകുന്ന മണ്ഡലത്തിൽ എഐഎംഐഎമ്മും ആം ആദ്മി പാർട്ടിയും കളത്തിലുണ്ട്.