ചൈന വിട്ട് ആപ്പിൾ ഇന്ത്യയിലേക്ക്

ചൈനീസ് പ്ലാന്റുകളിലെ നിർമാണം കുറച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഫോൺ നിര്‍മാണം വർധിപ്പിക്കാൻ ആപ്പിൾ നീക്കം നടത്തുന്നു. ആപ്പിളിന് ഐഫോൺ നിർമിച്ചു നൽകുന്ന തയ്‌വാനീസ് കമ്പനി പെഗാട്രോൺ കോർപ്പറേഷനും ഏറ്റവും പുതിയ ഐഫോൺ 14 മോഡൽ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ചൈന കർശനമായ സീറോ കോവിഡ് നയത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിർമാണ കേന്ദ്രമായ ഷെങ്‌ഷൂവിലെ ഫോക്‌സ്‌കോണിന്റെ പ്ലാന്റ് പൂട്ടിയിരിക്കുകയാണ്. എന്നാൽ, ആപ്പിളിന് കൂടുതൽ ഐഫോൺ 14 നിർമിച്ച് വിപണിയിലേക്ക് എത്തിക്കുകയും വേണം. ഇതിനാലാണ് ഐഫോൺ 14 നിർമിക്കാനായി രണ്ടാമത്തെ പ്ലാന്റും തുടങ്ങിയിരിക്കുന്നത്.
ആഗോള വിപണിയിൽ അവതരിപ്പിച്ച് ആഴ്ചകൾക്കുശേഷം സെപ്റ്റംബറിൽ തന്നെ ഫോക്‌സ്‌കോൺ ഇന്ത്യയിൽ ഐഫോൺ 14 നിർമിക്കാൻ തുടങ്ങിയിരുന്നു. വാഷിങ്ടണും ബെയ്ജിങും തമ്മിലുള്ള വ്യാപാരയുദ്ധവും ചൈനയിൽ ഷി ജിൻപിങ്ങിന്റെ കോവിഡ് സീറോ നയം കർശനമായി നടപ്പിലാക്കുന്നതും ആപ്പിളിന് വൻ പ്രതിസന്ധിയാകുന്നുണ്ട്. ഇതാണ് ഇന്ത്യയ്ക്ക് തുണയായത്.
ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ചൈനയിലെ ഐഫോൺ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകള്‍ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.
ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. അതേസമയം, വിസ്‌ട്രോൺ ബെംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 (ബേസിക്) മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യത്ത് വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്.
വിസ്‌ട്രോൺ നവംബർ അവസാനത്തോടെ കോലാറിൽ മറ്റൊരു നിർമാണ കേന്ദ്രം തുറക്കാൻ പോകുകയാണെന്നും ജനുവരി മുതൽ ഉൽപാദനം ആരംഭിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. വിസ്ട്രോണിന് നിലവിൽ കോലാർ പ്ലാന്റിൽ ഐഫോൺ 14 നിർമാണത്തിനായി നാല് അസംബ്ലി ലൈനുകൾ ഉണ്ട്. ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ നിർമാണ സൗകര്യം വിപുലീകരിക്കുന്നുണ്ട്. നിലവിൽ കൂടുതൽ നിയമനം നടക്കുന്നുണ്ടെന്നും മറ്റൊരു എക്‌സിക്യൂട്ടീവ് പറഞ്ഞു. സെപ്റ്റംബറിലാണ് പെഗാട്രോൺ ഐഫോണുകൾ നിർമിക്കാൻ തുടങ്ങിയത്.
ആഗോള ഐഫോൺ ഉൽപാദനത്തിൽ ചൈനയുടെ വിഹിതം 2021ൽ 95.8 ശതമാനത്തിൽ നിന്ന് 2022ൽ ആഗോള കയറ്റുമതിയുടെ 91.2 – 93.5 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഈ വർഷം അവസാനത്തോടെ ഇന്ത്യയുടെ സംഭാവന ആഗോള കയറ്റുമതിയുടെ 5-7 ശതമാനമായും പ്രാദേശിക ഡിമാൻഡിന്റെ 85 ശതമാനമായും ഉയരും. കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം വർധിച്ചു.
ഐഡിസി ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്ക് ഓഫറുകളും നൽകുന്ന പ്രീമിയം സ്‌മാർട് ഫോണുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് 2023 ൽ ആപ്പിളിന്റെ ഇന്ത്യയിലെ വിൽപന 2022 ൽ പ്രതീക്ഷിക്കുന്ന 60 ലക്ഷം യൂണിറ്റുകൾ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ൽ ഐഫോൺ വിൽപന 48 ലക്ഷമായിരുന്നു.
മൂന്ന് നിർമാതാക്കളും കേന്ദ്ര സർക്കാരിന്റെ 41,000 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പ്രോഗ്രാമിന്റെ (പിഎൽഐ) ഭാഗമാണ്. പെഗാട്രോൺ ഈ വർഷം മുതൽ ഐഫോണുകൾ നിർമിക്കാൻ തുടങ്ങി, അടുത്ത സാമ്പത്തിക വർഷത്തിൽ 2023 മാർച്ച് വരെ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ ഇവർക്ക് കഴിയും. ചൈനയിൽ നിന്ന് കൂടുതൽ ഉൽപാദനം മാറ്റുന്നതിനുള്ള വലിയ തടസ്സം ഭൂരിഭാഗം ഐഫോൺ ഘടകങ്ങളും ഇപ്പോഴും അവിടെ നിർമിച്ചിരിക്കുന്നതും ഹാൻഡ്സെറ്റുകൾ അസംബ്ലിൾ ചെയ്യുന്നിടത്തേക്ക് എത്തിക്കേണ്ടതുമാണെന്ന് കൗണ്ടർപോയിന്റ് സീനിയർ അനലിസ്റ്റ് ഇവാൻ ലാം പറഞ്ഞു.