വടിയെടുത്ത് ഹൈക്കോടതി; കൊച്ചി നഗരത്തിലെ കാനകള്‍ അടയ്ക്കാന്‍ ഊര്‍ജിത നടപടികളുമായി കോര്‍പ്പറേഷന്‍

കൊച്ചി: കുട്ടി കാനയില്‍ വീണ സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ നഗരത്തിലെ കാനകള്‍ക്ക് മുകളില്‍ സ്ലാബിടുന്ന പണി വേഗത്തിലാക്കാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍.

രണ്ടാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുക എന്നത് കോര്‍പ്പറേഷന് വെല്ലുവിളിയാകും.

റോഡിലെ കുഴി, വെളളക്കെട്ട് അപകടരമായ രീതിയില്‍ തുറന്നിട്ട കാനകള്‍. കൊച്ചി കോര്‍പ്പറേഷന്‍ ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പ്രശ്നങ്ങളുണ്ടായിട്ട് പരിഹാരം കാണുന്ന കൊച്ചി കോര്‍പ്പറേഷന്‍റെ രീതി തന്നെയാണ് പലപ്പോഴും വിനയാകുന്നതും വെളളക്കെട്ട് പരിഹരിക്കാന്‍ അടിയന്തരമായി പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് നഗരത്തിലെ എല്ലാ കാനകള്‍ക്കും ഓടകള്‍ക്കും മേലെ സ്ലാബുകള്‍ വേണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസന. നടപ്പാതകളാകട്ടെ അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെ വേണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചിന്‍റെ ഉത്തരവ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപറേഷന്‍ ബ്രേക് ത്രൂ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആദ്യഘട്ടം ഭംഗിയായെങ്കിലും പിന്നീട് അത് ഇഴഞ്ഞ് നീങ്ങി. വെളളക്കെട്ട് പരിഹരിക്കാനുളള ശുചീകരണ പ്രവൃത്തികളും ഹൈക്കോടതി പറഞ്ഞ സമയത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞില്ല. അതിനിടെയാണ് ഹൈക്കോതിയുടെ പുതിയ പ്രഹരം. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികളുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് കൊച്ചി കോര്‍പ്പറേഷന്‍.