സഞ്ചരിക്കുന്ന വാഹനത്തിൽ 45 മിനിറ്റോളം കൂട്ടബലാൽസംഗം; സുഹൃത്തുക്കളെന്ന് സൂചന

കൊച്ചി∙ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. നാല് പ്രതികളും കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. രാജസ്ഥാൻ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് പ്രതികൾ.

രാജസ്ഥാൻ സ്വദേശിയായ യുവതി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ , വിവേക്, സുദീപ് എന്നീ യുവാക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ വച്ച് പത്തൊൻപതുകാരിയായ മോഡലിനെ ബലാൽസംഗം ചെയ്തത്.ബാറിൽ കുഴഞ്ഞുവീണ യുവതിയെ മൂന്ന് യുവാക്കൾ ചേർന്നു വാഹനത്തില്‍ കയറ്റി പോവുകയായിരുന്നു. തിരിച്ചു ബാറിലെത്തിയ ശേഷമാണു പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ വാഹനത്തില്‍ കയറുന്നത്. പിന്നീട് മോഡലിനെ കാക്കാനാട്ടെ താമസസ്ഥലത്ത് കൊണ്ടുപോയി വിട്ടു. വെള്ളിയാഴ്ച പുലർച്ചെ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് വിവരം പൊലീസ് അറിയുന്നത്.

അധികം വൈകാതെ കൊടുങ്ങല്ലൂരിൽനിന്നു പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നാണു പൊലീസിന്റെ വിശദീകരണം. പ്രതികളും പീഡനത്തിന് ഇരയായ മോഡലും സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. പീഡനം നടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.