പോപ്പുലർ ഫ്രണ്ടിന്റെ മുൻ വീടുകളിൽ എൻ ഐ എ റെയ്‌ഡ്‌

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി NIA റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ് ആരംഭിച്ചത്.  സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണമായി പറയുന്നത്.

നിരോധനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ രഹസ്യ കൂട്ടായ്മകൾ ഉണ്ടാക്കി സമാന്തര പ്രവർത്തനങ്ങൾ പോപ്പുലർ ഫ്രണ്ട് തുടർന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്.ഡൽഹിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരുൾപ്പെടെയാണ് പുലർച്ചെ 2 മണിയോടെ എൻഐഎ സംഘം എത്തിയത്. NIA DYSP ആർ.കെ. പാണ്ടെയുടെ നേതൃത്വത്തിലാണ് നവാസ് തോന്നക്കൽ സുൽഫി വിതുര പള്ളിക്കൽ ഫസൽ എന്നീ നേതാക്കളുടെ വീടുകളിൽ തിരുവനന്തപുരത്തെ പരിശോധനകൾ നടക്കുന്നത്.

സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ പറഞ്ഞു.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലും വയനാട്ടിൽ മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലും ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നു.പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട് ,സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട് ,മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ ,എന്നിവിടങ്ങളിൽ കൂടുതൽ പരിശോധന നടക്കുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും കോഴിക്കോട് പാലേരിയിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്. മണ്ണാർക്കാട് കോട്ടോപ്പാടത്തും തൃശ്ശൂരിലും കണ്ണൂരിലും എൻഐഎ പരിശോധന നടത്തുന്നു.കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.