സൂററ്റ്: അവധി ആഘോഷിക്കാൻ പോയ കാമുകന് വേണ്ടി ആൾമാറാട്ടം നടത്തി മൂന്നാം വർഷ ബികോം പരീക്ഷ എഴുതാനെത്തിയ 24കാരി പിടിയിലായി. കാമുകനായ യുവാവിൻ്റെ ഫോട്ടോയ്‌ക്ക് പകരം സ്വന്തം ഫോട്ടോ പതിപ്പിച്ചു. യുവാവിൻ്റെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തി. കമ്പ്യൂട്ടറിൻ്റെ സഹായത്തോടെയാണ് ഹാൾ ടിക്കറ്റിൽ മാറ്റം വരുത്തി പ്രിന്റൗട്ട് എടുത്തെതെന്ന് യുവതി അധികൃതരെ അറിയിച്ചു.
പരീക്ഷ ഹാളിലെ സൂപ്പർവൈസർമാർ ദിവസവും മാറുന്നതിനാൽ യുവാവിൻ്റെ ഇരിപ്പിടത്തിൽ ഇരിക്കുന്ന വിദ്യാർഥിയെ തിരിച്ചറിയാൻ അധികൃതർക്ക് കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു യുവതി. ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ആ സീറ്റില്‍ സ്ഥിരമായി ഒരു ആണ്‍കുട്ടിയാണ് ഇരിക്കാറുണ്ടായിരുന്നതെന്ന് പരീക്ഷാ ഹാളിലെ സൂപ്പർവൈസറെ സമീപത്തെ സീറ്റിൽ ഉണ്ടായിരുന്ന പെൺകുട്ടി അറിയിച്ചതോടെയാണ് ആൾമാറാട്ടം പുറത്തുവന്നത്.യുവതിയുടെ കൈവശമുണ്ടായിരുന്ന രേഖകൾ വ്യാജമാണെന്ന് പരിശോധനയിൽ സൂപ്പർവൈസർമാർക്ക് വ്യക്തമായി.
സ്കൂൾ കാലം തൊട്ട് യുവതിയും യുവാവും അടുപ്പത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ മനസ്സിലായി. ആൾമാറാട്ടം നടത്തിയ പരീക്ഷയെഴുതാൻ ശ്രമിച്ച സംഭവം യുവതിയുടെ മാതാപിതാക്കൾക്ക് അറിയില്ല. യുവതി പിടിയിലായതിന് പിന്നാലെ അധികൃതർ യുവാവിനെ വിളിച്ചുവരുത്തി. താൻ ഉത്തരാഖണ്ഡിലായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.ഇതോടെ പരീക്ഷയില്‍ യുവാവിനെ തോല്‍പ്പിച്ചു കൊണ്ട് നടപടി സ്വീകരിച്ചു.