ഇന്ത്യയിൽ കോവിഡ് ആശങ്ക,കേസുകൾ കൂടുന്നു

ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ കൊറോണ കേസുകള്‍ കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയര്‍ന്നു.4.46 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5,30,696 ആണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുജനാരോഗ്യ നടപടികൾ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധത ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും  ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച മോക്ക് ഡ്രില്ലുകൾ നടത്തി.

എല്ലാ ജില്ലകളിലും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, ഐസൊലേഷൻ കിടക്കകളുടെ ശേഷി, ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കുകളുടെയും ലഭ്യത തുടങ്ങിയ മാനദണ്ഡങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.

ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും കൊറോണ താണ്ഡവമാടുകയാണ്. കൊറോണയെ ഭയക്കുകയല്ല ജാഗ്രതയാണ് അനിവാര്യമെന്ന് ആരോഗ്യവിദഗ്‌ധർ ഓര്‍മ്മിപ്പിക്കുന്നു. കൊറോണയുടേതിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശിക്കുന്നു.