നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; യുഎസ് വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന

ബെയ്ജിങ്: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തിന് അമേരിക്ക കനത്ത വില നൽകേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരത്തിലും സുരക്ഷയിലും ചൈനയുടെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കേണ്ടിവരുമെന്നും അതിന്റെ വില നൽകേണ്ടി വരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു.

ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന നാൻസി പെലോസി ചൊവ്വാഴ്ച മലേഷ്യ സന്ദർശിച്ച ശേഷം തായ്‌വാനിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. ചൈന തങ്ങളുടെ പ്രദേശമായി കരുതുന്ന തായ്‌വാനിൽ, യു.എസ് സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം.

പെലോസിയുടെ സന്ദർശനം വളരെ അപകടകരവും പ്രകോപനപരവുമാണെന്ന് ചൈനീസ് അംബാസഡർ ഷാങ് ഹുൻ പറഞ്ഞു. തായ്‌വാനിൽ അമേരിക്ക ഒരു തീപ്പെട്ടിക്കൊള്ളിയുമായി കളിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.