പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടൻ: റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. യുഎസിലെ അലീനയുടെ ആസ്തികൾ മരവിപ്പിക്കുകയും യുഎസ് പൗരൻമാരെ അവരുമായി ഇടപഴകുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ കമ്പനിയായ നാഷണൽ മീഡിയ ഗ്രൂപ്പിന്‍റെ തലവനാണ് അലീന. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നാഷണൽ മീഡിയ ഗ്രൂപ്പ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മേയിൽ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും കബേവയ്ക്കു മേൽ യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമർശകനുമായ അലക്സി നവാൽനി റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അലീന തന്‍റെ മാധ്യമത്തിലൂടെ വളച്ചൊടിക്കുന്നുവെന്നും അലീനയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

1983 മെയ് 12ന് ഉസ്ബെക്കിസ്ഥാനിൽ ജനിച്ച അലീന 2004 ഏഥൻസ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ജിംനാസ്റ്റിക്സ് അത്ലറ്റാണ്. പുടിന്‍റെ യുണൈറ്റഡ് റഷ്യ പാർട്ടിയിലൂടെയാണ് അലീന പാർലമെന്‍റിലെത്തുന്നത്. 2008 ൽ പുടിനുമായി അടുപ്പത്തിലായിരുന്നുവെന്നാണ് കരുതുന്നത്. മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻ കെജിബി ചാരൻ നടത്തുന്ന ഒരു പത്രമാണ് ഇവരുടെ ബന്ധം വെളിപ്പെടുത്തിയത്. ആ സമയത്ത് പുടിൻ വിവാഹിതനായിരുന്നു. അഞ്ച് വർഷത്തിന് ശേഷം പുടിൻ ഭാര്യ ല്യൂദ്മില്ലയെ വിവാഹമോചനം ചെയ്തു. ഇതോടെ അലീനയുടെ മേലുള്ള റഷ്യക്കാരുടെ ശ്രദ്ധ കൂടുതൽ ശക്തി പ്രാപിച്ചു. പുടിൻ ഇവരെ വിവാഹം കഴിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം, വിവാഹം ഇതുവരെ നടന്നിട്ടില്ല. എന്നാൽ വിവാഹം രഹസ്യമായി നടന്നുവെന്നും പുടിൻ അലീനയിൽ ഇരട്ടക്കുട്ടികളുണ്ടെന്നും ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.