കൂട്ടപിരിച്ചുവിടലിനു പിന്നാലെ പുതിയ മാറ്റങ്ങളുമായി ട്വിറ്റർ വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചുള്ള അറിയിപ്പാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് അയച്ച ഇ- മെയിലിൽ ട്വിറ്റർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരോട് നേരിട്ട് ഓഫീസിൽ എത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. പരസ്യ വരുമാനത്തിലെ ഇടിവ് ട്വിറ്ററിന്റെ പ്രവർത്തനത്തെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി.
പ്രതിസന്ധി നേരിടുന്ന ഇക്കാലയളവിൽ ജീവനക്കാരുടെ തീവ്രമായ പ്രവർത്തനം ആവശ്യമായതിനാണ് വർക്ക് ഫ്രം ഹോം ട്വിറ്റർ നിർത്തലാക്കിയത്. ജീവനക്കാർ ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിൽ എത്തണമെന്നാണ് നിർദ്ദേശം. 40 മണിക്കൂർ എന്നതിന് പുറമേ, വേറെയും ചില നിർദ്ദേശങ്ങൾ ട്വിറ്റർ പങ്കുവെച്ചിട്ടുണ്ട്. അതിനാൽ, ഇ- മെയിലിൽ അറിയിച്ച പോളിസി നയങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിലാകും.
വർക്ക് ഫ്രം ഹോം രീതി താൽപ്പര്യമുള്ള ജീവനക്കാർക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ തന്നെ ട്വിറ്റർ സ്വീകരിച്ചിരുന്നു. എന്നാൽ, നയത്തിലാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതേസമയം, ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്വിറ്ററിനെ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ 7,500 ജീവനക്കാരെയാണ് ഇതിനോടകം പിരിച്ചുവിട്ടത്. ഇതിന് ശേഷമാണ് വർക്ക് ഫ്രം ഹോം നിർത്തലാക്കിയെന്ന പുതിയ മുന്നറിയിപ്പും നൽകിയിരിക്കുന്നത്.