ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പിതാവ് ശ്രീമഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നമൂട് ആനക്കൂട്ടിൽ ആറു വയസുള്ള നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ഈ ദാരുണ സംഭവം നടന്നത് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു.
മഹേഷിന്റെ ഭാര്യയും നക്ഷത്രയുടെ അമ്മയുമായ വിദ്യ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തൊട്ടടുത്ത് സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിവന്നപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. ഇത് കണ്ട് അലറി കരഞ്ഞു കൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് പിന്തുടർന്ന് വെട്ടി.
ഇവര് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും അവരെ ആക്രമിക്കാൻ മഹേഷ് ശ്രമിക്കുകയും ചെയ്തു.വിദേശത്തായിരുന്ന മഹേഷ് അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സ്ഥിരം മദ്യപാനിയായ മഹേഷിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.