തെലങ്കാന ഖമ്മം: ജിമ്മിലെ വര്‍ക്ക് ഔട്ടിന് ശേഷം തിരികെയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ബാലപേട്ട് സ്വദേശിയായ ശ്രീധറാണ് (31) മരിച്ചത്.ജിമ്മിലെ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീധറിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.തിങ്കളാഴ്ച ജിമ്മില്‍ പോയി വന്ന ശേഷമാണ് അസ്വസ്ഥതകൾ പ്രകടമാകാന്‍ തുടങ്ങിയതെന്നും കഴിഞ്ഞ ഞായറാഴ്ച സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ ശ്രീധര്‍ പങ്കെടുത്തിരുന്ന ശ്രീധര്‍ അന്ന് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുറച്ച് നാള് മുമ്പ് ഒരു വാഹനാപകടത്തില്‍ ശ്രീധറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവായ രാധ കിഷോറിന്റെ മകനാണ് ശ്രീധര്‍.
ഖമ്മം ജില്ലയില്‍ രണ്ട് ദിവസം മുമ്പ് 33കാരനായ അല്ലിപുരം ഗ്രാമനിവാസിയായ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചിരുന്നു.ജൂണില്‍ ജഗ്തിയാലില്‍ ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചതും വാര്‍ത്തയായിരുന്നു.തെലങ്കാനയിലും ആന്ധ്രയിലും നിരവധി യുവാക്കള്‍ ഹൃദയാഘാതത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍