സൗദിയിൽ മക്ക മേഖലയിൽ പുതിയ സ്വ​ർണ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി

ജിദ്ദ: സൗദിയിൽ മക്ക മേഖലയിൽ പുതിയ സ്വ​ർണ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി. നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട്​ ചേർന്നാണ്​ സുപ്രധാന നിക്ഷേപമുണ്ടെന്ന കണ്ടെത്തൽ. 2022ൽ ആരംഭിച്ച സൗദി മൈനിങ്​ കമ്പനി (മആദിൻ) കമ്പനിയുടെ തീവ്ര പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്.

2022ലാണ്​ മആദിൻ കമ്പനി ശക്തമായ പര്യവേക്ഷണ പരിപാടി ആരംഭിച്ചത്​. 2023 അവസാനത്തോടെ മൻസൂറയിലെയും മസാറയിലെയും സ്വർണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔൺസ് ആണ്​. പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് ആണ്​ ഉൽപാദന ശേഷി. സൗദി അറേബ്യൻ മൈനിങ്​ കമ്പനിയുടെ ഖനികളായ മൻസൂറ, മസാറ സൗദിയുടെ പടിഞ്ഞാറ് ജിദ്ദ നഗരത്തിന് 460 കിലോമീറ്റർ കിഴക്ക് മക്ക മേഖലയിലെ അൽഖുർമ ഗവർണറേറ്റ്​ ഭൂപരിധിയിലാണുള്ളത്.

അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി​.125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഇതോടെ അന്താരാഷ്​ട്ര നിലവാരത്തിലുള്ള പ്രധാന സ്വർണ വലയമായി പ്രദേശം മാറും. ആഴത്തിലും പരപ്പിലും ലഭ്യമായ വിഭവങ്ങൾ ഖനിയിലെ സമ്പത്തി​െൻറ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഭൂഗർഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകുമെന്നും കമ്പനി പറഞ്ഞു.