വീണ്ടും ദൃശ്യം,ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി മുകളില്‍ സെപ്റ്റിക് ടാങ്ക് നിർമ്മിച്ചു

ഗാസിയാബാദ് : ദൃശ്യം സിനിമാ മോഡലില്‍ ഒരു കൊലപാതകം, ഉത്തര്‍ പ്രദേശിലെ ഗാസിയബാദിൽ യുവതി തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടുകയും അതിന് മുകളില്‍ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ്‌ പോലീസ് നീതു എന്ന സ്ത്രീയെയും കാമുകൻ ഹർപാലിനെയും ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും മൃതദേഹം ബിസ്രാഖിലെ നിർമ്മാണ സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. മൂന്നാം പ്രതിയായ ഗൗരവിനായി തിരയുകയാണ് പോലീസ്.

കഴിഞ്ഞ ദിവസമാണ് ഗാസിയാബാദില്‍ നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിച്ച് യുപി പോലീസ് രംഗത്തെത്തിയത്. കാമുകന്‍റെയും മറ്റൊരു സുഹൃത്തിന്‍റെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പിന്നീട്, മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന ഒരു സ്ഥലത്ത് കുഴിച്ചിടുകയും കുറ്റം മറയ്ക്കാൻ പ്രതികൾ അവിടെ സെപ്റ്റിക് ടാങ്ക് നിർമ്മിക്കുകയും ചെയ്തു.

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നീതുവും ഹർപാലും പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഹർപാൽ നീതുവിന്‍റെ സഹായത്തോടെ സതീഷിനെ വിഷം നൽകി കൊലപ്പെടുത്തി അയൽപക്കത്തെ വീട് പണി പുരോഗമിക്കുകയായിരുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടു.കൃത്യത്തിന് കൂടെ
പ്ലോട്ടിൽ വീട് പണിയുന്ന ജോലിയിലായിരുന്ന ഗൗരവിനെ കൂട്ട്പിടിയ്ക്കുകയും ചെയ്തു.

മരിച്ചയാളുടെ സഹോദരൻ ഛോട്ടേലാൽ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഛോട്ടേലാല്‍ തന്‍റെ സഹോദരനായ സതീഷിനെ കാണാതായിട്ട് ഒരാഴ്ചയായതായി പോലീസില്‍ അറിയിച്ചു. 7 ദിവസത്തിലേറെയായി ഭർത്താവിനെ കാണാതായിട്ടും ഇതുവരെ പരാതിയൊന്നും നൽകാത്തതിനാൽ മരിച്ചയാളുടെ ഭാര്യ നീതുവിനെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു സൂചനയും ലഭിച്ചില്ല.

നീതുവിനെ സന്ദർശിക്കുന്ന ഹർപാലിനെ പോലീസ് പിന്തുടരാൻ തുടങ്ങി. നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഹർപാൽ നീതുവിന്‍റെയും ഗൗരവിന്‍റെയും സഹായത്തോടെ സതീഷിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു .