ആലപ്പുഴ ∙ ശശി തരൂരിന്റെ പര്യടനത്തെപ്പറ്റി കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നും താൻ എന്തിനാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി പറയേണ്ടതില്ല. അത് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. മാവേലിക്കര ലോക്സഭാ മണ്ഡലം കോൺഗ്രസിന്റെ നേതൃയോഗത്തിന് ചെങ്ങന്നൂരിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് പ്രിയാ വർഗീസിനെ നിയമിക്കാൻ തീരുമാനിച്ചത്. ഇത്തരം എല്ലാ നിയമനങ്ങളും അദ്ദേഹം അറിഞ്ഞു നടക്കുന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയെ ഞങ്ങൾ ഒന്നും പറയാത്തത്. ആദ്യം ഇതിനൊക്കെ ഗവർണർ കൂട്ടുനിന്നു. അതിനെയും ഞങ്ങൾ ചോദ്യം ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസരംഗം കുളമാക്കിയത് ഗവർണറും സർക്കാരും ചേർന്നാണ്. സർവകലാശാലകളിൽ അനിശ്ചിതത്വമാണ്.വിദ്യാർഥികൾ മറ്റു സ്ഥലങ്ങളിലേക്കു പോകുന്നു. അപ്പോഴാണ് സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നത്. എല്ലാറ്റിനും മറുപടി പറയേണ്ടവർ മിണ്ടുന്നില്ല. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഗവർണറെക്കൊണ്ട് ചെയ്യിക്കുമ്പോൾ തിരിച്ചു ഗവർണറും ചെയ്യിക്കുന്നു. ഈ കൊടുക്കൽ വാങ്ങലിനെപ്പറ്റി 6 മാസം മുൻപ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നെന്നും സതീശൻ പറഞ്ഞു.