ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം, ‘ഇത് തമിഴ്നാടല്ല’ എന്ന് ആക്രോശം: ഒരാൾ പിടിയിൽ

കൊച്ചി ∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കണ്ടെയ്നർ റോഡു വഴി ഔദ്യോഗിക വസതിയിലേക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തിൽവച്ച് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ഇയാൾ ജഡ്ജിയുടെ കാറിനു മുന്നിലേക്കു ചാടി തടഞ്ഞുനിർത്തിയശേഷം അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നു പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ, ‘ഇതു തമിഴ്നാടല്ല’ എന്ന് ആക്രോശിച്ചാണ് ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസിന്റെ ഗൺമാന്റെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസ് ഇയാൾക്കെതിരെ ഐപിസി 308ാം വകുപ്പുപ്രകാരം കേസെടുത്തു.പുതുവൈപ്പിനിലെ ഭാര്യവീട്ടിൽ താമസിക്കുകയാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള ആക്രമണമാണോ ഉണ്ടായതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും സൂചന ലഭിച്ചിട്ടില്ല.