കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:മാൻഡസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്.തമിഴ് നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായ ചക്രവാത ചുഴിയായി മാറിയതാണ് കേരളത്തിൽ മഴ കനക്കാൻ കാരണമായത്. ചക്രവാതചുഴി വടക്കൻ കേരള-കർണാടക തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് നാളെയോടെ ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാമെന്നാണ് സൂചന.

ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നാളെവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന നിർദ്ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ചെന്നൈ നഗരത്തിൽ 400 മരങ്ങൾ കടപുഴകി വീണു. വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പലയിടത്തും വൈദ്യുത ബന്ധം തകരാറിലായി. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.