കൊച്ചി ബിനാലെ; ഉദ്ഘാടനം 23ന് , ടിക്കറ്റ് 50 രൂപ മുതൽ 150 രൂപ വരെ

കൊച്ചി: ഈ മാസം 12ന് ആരംഭിക്കാനിരുന്ന കൊച്ചി ബിനാലെയുടെ ഉദ്ഘാടനം ഡിസംബർ 23 ലേക്ക് മാറ്റിയതായി സംഘാടകർ. കനത്ത മഴയും മൻദൗസ് ചുഴലിക്കാറ്റും മൂലമാണ് ബിനാലെ മാറ്റിയത്. കൂടാതെ ബിനാലെ നടക്കുന്ന വേദികളുടെ അറ്റകുറ്റപ്പണികൾ പൂ‍ർത്തിയായിട്ടില്ലെന്നും സംഘാടക‍‌ർ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.ഇന്ന് വൈകിട്ട് 6.30 നാണ് ബിനാലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. 23 ന് ആരംഭിക്കുന്ന ബിനാലെ നാല് മാസത്തേക്ക് തുടരും.

കൊവിഡ് മൂലം കഴിഞ്ഞ വ‍ർഷങ്ങളിലൊന്നും ബിനാലെ നടന്നിരുന്നില്ല. 35 ൽ പരം രാജ്യങ്ങളിൽ നിന്നായി 90 ൽ പരം കലാകാരന്മാരാണ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ പങ്കെടുക്കുന്നത്. 85 കലാസൃഷ്ടികളാകും ബിനാലെയിൽ ഉണ്ടാകുക. ഇന്ത്യയിൽ നിന്നും 33 കലാകാരന്മാർ പങ്കെടുക്കുന്നതിൽ പത്ത് പേ‍ർ മലയാളികളാണ്.

തിരക്ക് ഒഴിവാക്കുന്നതിനായി ബുക്ക് മൈ ഷോ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യം ബിനാലെ സംഘാടക‍ർ ഇക്കുറി ഒരുക്കിയിട്ടുണ്ട്. വിദ്യാ‌ർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.സാധാരണ ടിക്കറ്റിന് 150 രൂപയാണ്. വിദ്യാ‍ർത്ഥികൾക്ക് 50 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 1000 രൂപയ്ക്ക് ഒരാഴ്ചത്തെ ടിക്കറ്റും 4000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള ടിക്കറ്റും ലഭിക്കും.

സിങ്കപ്പൂ‍ർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷുബുഗി റാവുവാണ് ഈ ബിനാലെയുടെ ക്യൂറേറ്റർ. സെമിനാറുകൾ, സിനിമാ പ്രദർശനങ്ങൾ, ശിൽപശാലകൾ, പെ‍ർഫോമൻസുകൾ എന്നിവയും ബിനാലെയുടെ ഭാഗമാകും.കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ആ‍ർട്ട് ബൈ ചിൽഡ്രൻ (എബിസി) പരിപാടിയിൽ അമ്പതോളം ആ‌ർട്ട് പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ദർബാർ ബാർ ഹാൾ വേദി മലയാളി കലാകാരന്മാ‍ർക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. ഇവിടെ നാൽപ്പതോളം കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും.

കബ്രാൾ യാർഡ്, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫേ, കാശി ടൗൺ ഹൗസ്, എംഎപി വെയ‍ർ ഹൗസ്, മട്ടാഞ്ചേരി അർമാൻ ബിൽഡിങ്, കെവിഎൻ ആ‍ർക്കേഡ്, വികെഎൽ ബിൽഡിങ്, ട്രിവാൻഡ്രം ബിൽഡിങ്, ആനന്ദ് വെയർഹൗസ്, ടികെഎം വെയ‌‍ർ ഹൗസ്, ദർബാർ ഹാൾ എന്നിങ്ങനെ 14 വേദികളിലാണ് ബിനാലെ നടക്കുക.