കാഠ്മണ്ഡു: 19 വര്‍ഷമായി കാഠ്മണ്ഡുവിലെ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് മോചിതനാകുന്നു. പ്രായം പരിഗണിച്ചാണ് നേപ്പാള്‍ സുപ്രീംകോടതി ഇയാളെ മോചിപ്പിക്കുന്നത്.2003 മുതൽ നേപ്പാൾ ജയിലിൽ കഴിയുന്ന ശോഭരാജിന് 78 വയസ്സായി. 1970കളിൽ ഇയാൾ പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി നിർദ്ദേശിച്ചു.ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ.
ഇന്ത്യൻ-വിയറ്റ്നാമീസ് രക്ഷിതാക്കളുടെ മകനായ ഫ്രഞ്ചുകാരനായ ചാൾസ് ശോഭരാജ് 1975ൽ യാത്രക്കാരായ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തി. അതേ വർഷം കാഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തി. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ നേപ്പാളിലേക്ക് കടന്നത്.
അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വർഷവും, ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷവും വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വർഷവും തടവാണ് കോടതി വിധിച്ചത്.1972നും 1976നും ഇടയിൽ ശോഭരാജ് രണ്ട് ഡസണോളം ആളുകളെ കൊന്നുവെന്നാണ് കരുതപ്പെടുന്നത്. ബിക്കിനി കില്ലർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സാത്താൻ എന്ന അർത്ഥം വരുന്ന ‘ദി സെർപ്പന്റ്’ എന്ന് മാധ്യമങ്ങൾ വിളിച്ചു.1970കളിൽ യൂറോപ്പിൽ മരണഭീതി വിതച്ച കൊലയായായ ചാൾസ് ശോഭരാജിനെ 1970-കളിലാണ് ലോകം അറിഞ്ഞു തുടങ്ങുന്നത്.
പല ഭാഷകൾ അറിയുന്ന ശോഭരാജിനെ ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. പല തവണ ജയിൽ ചാടിയിട്ടുള്ള ശോഭാരാജ് 1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും വീണ്ടും സമർഥമായി രക്ഷപ്പെട്ടു. ഒരുമാസത്തിനു ശേഷം പിടിയിലായി. 1997-ൽ ജയിൽ മോചിതനായശേഷം ഫ്രാൻസിലേക്ക് പോയ ശോഭരാജിനെ 2003-ൽ കാഠ്മണ്ഡുവിലെ എയർപോർട്ടിൽ വെച്ച് നേപ്പാളിലെ ഒരു മാധ്യമ പ്രവർത്തകൻ തിരിച്ചറിഞ്ഞു.ശോഭരാജ് വീണ്ടും ജയിലിലായി. ഒരു കൊലപതാക കുറ്റം കൂടി ശോഭരാജിന് മേൽ ചുമത്തപ്പെട്ടു.എഴുപത്തിയെട്ട് വയസ്സിലും എണ്ണമറ്റ കേസ്സുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ചാള്‍സ് ശോഭാരാജ് ജയില്‍ മോചിതനാകുന്നത്.