ബി ജെ പി യിൽ സ്ത്രീകൾക്ക് സുരക്ഷിതത്ത്വമില്ല, പാർട്ടി വിടുന്നു, സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ തെളിവുകൾ ഹാജരാക്കാൻ തയ്യാർ,ഗായത്രി രഘുറാം

ചെന്നൈ: ബിജെപിയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ നടിയും നർത്തകിയുമായ ഗായത്രി പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. പാർട്ടിയിലെ കൾച്ചറൽ വിങ്ങിന്റെ ചുമതല ഉണ്ടായിരുന്ന തനിക്ക് സ്ത്രീയെന്ന രീതിയിൽ അവസരവും ബഹുമാനവും കിട്ടുന്നില്ലെന്നും ഗായത്രി പറഞ്ഞു.വലിയ ട്വീറ്റുകൾ നിരത്തിയാണ് ബിജെപിയിൽ നിന്നും പുറത്തേക്ക് പോകുന്ന വിവരം അവർ പറ‍ഞ്ഞത്. സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഗായത്രിയുടെ രാജി പ്രഖ്യാപനം.

വലിയ ദുഃഖത്തോടെയാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്, അണ്ണാമലൈ കാരണമാണ് തിടുക്കപ്പെട്ട തീരുമാനം എടുക്കേണ്ടി വന്നത്,വിലകുറഞ്ഞ തന്ത്രങ്ങള്‍ മെനയുന്ന നുണയനും അധാര്‍മിക നേതാവുമാണ് അണ്ണാമലൈയെന്നും കുറ്റപ്പെടുത്തിക്കൊണ്ട് ഗായത്രി കൂട്ടിച്ചേര്‍ത്തു.പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും ,തന്റെ പക്കലുള്ള ശബ്ദസന്ദേശങ്ങളും വീഡിയോകളും പോലീസിന് കൈമാറുമെന്നും അയാൾക്കെതിരെ അന്വേഷണം വേണമെന്നും ഗായത്രി പറയുന്നു.

ബിജെപിക്ക് അപകീർത്തി വരുത്തുന്ന പ്രവർത്തനങ്ങളിൽ ഇടപെട്ടുവെന്ന് കാണിച്ച്‌ ഗായത്രിയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി അണ്ണാമലൈ അറിയിച്ചു.ബിജെപിയുടെ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ വൈസ് പ്രസിഡന്റ് സെൽവകുമാർ തന്നെ ട്വിറ്ററിൽ ട്രോളുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഗായത്രി പരസ്യമായി പ്രതികരിച്ചതാണ് നടപടിക്ക് കാരണമായിരിക്കുന്നത് എന്നാണ് ആരോപണം. ദ്രാവിഡ പാർട്ടികളുമായി മത്സരിച്ച് ശ്രദ്ധ നേടിക്കൊണ്ടിരിക്കെയാണ് പാർട്ടിയെ മുഴുവൻ ഞെട്ടിച്ച്‌ നടിയും നർത്തകിയുമായ ഗായത്രി രഘുറാമന്റെ രാജി.