ബി ജെ പി നേതാവിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ പള്ളി തല്ലിത്തകർത്തു,അഞ്ചു പേർ അറസ്റ്റിൽ

റായ്‌പൂർ : മതപരിവർത്തനം നടത്തിയെന്നാരോപിച്ച്‌ ബി ജെ പി നേതാവിന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ പള്ളി തല്ലിത്തകർത്തു.പ്രതികൾ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറിയാണ് അക്രമം നടത്തിയത്. സംഭവത്തിൽ ബിജെപി നേതാവടക്കം അഞ്ച് പേരെ ഛത്തീസ് ഗഡ്‌ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

സെർവ് ആദിവാസി സമാജം’ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവരാണ് പള്ളിയിൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അക്രമത്തിൽ നാരായൺപുർ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പറഞ്ഞു.

മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ ആക്രമിക്കുക, ആയുധം കൈവശം വെക്കൽ എന്നിവയടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ പങ്കാളികളാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

അക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാർ പ്രാദേശിക ഗോത്രവർഗക്കാർക്ക് നേരെ നടത്തിയ അക്രമണത്തിനുള്ള മറുപടിയാണ് തിങ്കളാഴ്ചത്തെ സംഭവമെന്ന് അദ്ദേഹം പരിഹസിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിലുള്ള പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. പള്ളിയിലെ കസേരകളും ഫർണിച്ചറും ആരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ഗ്രന്ഥങ്ങളും നശിപ്പിക്കപ്പെട്ടു.

പ്രദേശത്തെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്.