സംഘടനാപരമായ പ്രശ്ങ്ങൾക്കിടയിൽ നേതൃമാറ്റം,വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: വർക്കല എംഎല്‍എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.

നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകുന്നത്.സംഘടനാപരമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കുള്ളില്‍ ഏറെ നാളുകളായി പ്രശ്നങ്ങള്‍ തുടരുകയാണ്.മേയറുടെ കത്ത് വിവാദവും ഡിവൈഎഫ്‌ഐയിലെ ലഹരിമാഫിയ ബന്ധം വലിയ വിവാദമാകുകയും നടപടി വൈകിയത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

യോഗത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര്‌ മുന്നോട്ടുവച്ചതെന്നാണ് സൂചന. വി.ജോയിയെ ജില്ലാ സെക്രട്ടറിയായി അംഗീകരിക്കുന്നതിനായി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ഇന്ന് തന്നെ യോഗം ചേരും.