മെക്സിക്കോ സിറ്റി: പോലീസ് അറസ്റ്റ് ചെയ്ത് വിമാനത്തിൽ കയറ്റിയ മയക്കുമരുന്ന് മാഫിയ തലവൻ ജാക്വിൻ എൽ ചാപ്പോയുടെ മകൻ ഒവിഡിയോ ഗുസ്മാനെ രക്ഷപ്പെടുത്താൻ മാഫിയ സംഘം വിമാനത്തിനു നേരെ വെടിവെച്ചു.മെക്സിക്കോയിലെ കുലിയാക്കൻ വിമാനത്താവളത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം പിടിയിലായ ഒവിഡിയോ ഗുസ്മാനെ സിനാലോവയിൽ നിന്നും മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനായാണ് മെക്സിക്കോ എയർലൈൻസ് വിമാനത്തിൽ കയറ്റിയത്. ഉടനെ തന്നെ വിമാനത്താവളത്തിൽ നിന്ന് മയക്കു മരുന്ന് മാഫിയ സംഘം വിമാനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിനെത്തുടർന്ന് പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിനുള്ളിൽ കമിഴ്ന്നു കിടന്നു ജീവൻ രക്ഷിച്ചു.വെടിവെപ്പിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ഒവിഡിയോ ഗുസ്മാനെ പിടികൂടാൻ പോലീസ് നടത്തിയ ഓപ്പറേഷനിടെ ഇതുവരെ 29 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എൽ ചാപ്പോ ഉൾപ്പെട്ട സിനോലോവ കാർട്ടലിന്റെ അംഗങ്ങളാണ് വിമാനത്തിനെതിരെ വെടിയുതിർത്തത്. 2016-ൽ എൽ ചാപ്പോ അറസ്റ്റിലായപ്പോൾ മയക്കു മരുന്ന് മാഫിയാ സംഘങ്ങൾ അക്രമം അഴിച്ചുവിട്ടിരുന്നു.വെടിവെപ്പുണ്ടായ സമയം യാത്രക്കാർ നിലവിളിച്ചുകൊണ്ട് സീറ്റിനടിയിൽ ഒളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരു ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടു.
ജനുവരി അഞ്ചിനാണ് ഒവിഡിയോ ഗുസ്മാനെ പോലീസ് പിടികൂടിയത്. ഒവിഡിയോയുടെ അറസ്റ്റിനു പിന്നാലെ നഗരത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നഗരത്തിൽ വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തെത്തുടർന്ന് പ്രദേശവാസികളോട് വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.