100 കോടിയോളം തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീൺ റാണ കോയമ്പത്തൂരിൽ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: തൃശൂർ പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞ സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിൽ.കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിൽ പിടിയിലാകുന്നത്. കൊച്ചിയിൽ തൃശൂർ പോലീസിന്റെ പിടിയിൽ നിന്ന് വഴുതി മാറിയ പ്രവീൺ റാണ പെരുമ്പാവൂർ സ്വദേശിയുടെ സഹായത്തോടെ കോയമ്പത്തൂരിൽ ഒളിച്ചു താമസിക്കുകയായിരുന്നു.

അതിഥി തൊഴിലാളിയുടെ ഫോണിൽനിന്നു റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. കേസിൽ പ്രതിയായതോടെ ഈ മാസം ആറിന് സംസ്ഥാനം വിട്ട പ്രവീൺ റാണ കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ചെറുപട്ടണത്തിൽ ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം കാഷായ വേഷത്തിൽ താമസിക്കുകയായിയിരുന്നു, 18 കേസുകളാണ് ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.11 കേസുകൾ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണുള്ളത്.

ഒരു ലക്ഷം മുതൽ 20 ലക്ഷം വരെ നഷ്ടപ്പെട്ടു എന്നാണ് പരാതിക്കാർ പോലീസിൽ പറഞ്ഞത്.ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പിടികൂടുന്നതിനായി തൃ​ശൂ​ർ പൊ​ലീ​സ് കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പ​ങ്കാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. പൊ​ലീ​സെ​ത്തു​മ്പോ​ൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പൊ​ലീ​സ് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് റാ​ണ മ​റ്റൊ​രു ലി​ഫ്റ്റി​ൽ കയറി ര​ക്ഷ​പ്പെ​ട്ട​ത്.

റാണയുടെ പങ്കാളിയും അഡ്‌മിൻ മേധാവിയുമായ വെളുത്തൂർ സ്വദേശി സതീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് നിക്ഷേപ രേഖകൾ പിടിച്ചെടുത്തിരുന്നു. പിന്നീട് പിടിയിലായ മറ്റൊരു സഹായി റിയാസിൽ നിന്നാണ് പൊലീസിന് നിർണ്ണായകമായ പല രേഖകളും കിട്ടിയത്. തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെ 48 ശതമാനം പലിശയും ഫ്രാൻഞ്ചൈസിയും വാഗ്‌ദാനം ചെയ്ത് തട്ടിപ്പ് നടത്തി പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 100 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന.

പീച്ചി സ്വദേശിയായ ഹണി തോമസിന്റെ പരാതിയിലാണ് തൃശൂർ പോലീസ് ആദ്യമായി കേസെടുക്കുന്നത്. കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കി റാണ. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്തു. 2022 ൽ ചോരൻ എന്ന സിനിമ നിർമ്മിച്ചതും അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും പ്രവീൺ റാണയായിരുന്നു.തൃശൂരിലെത്തിച്ച റാണയെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.