എൻ സി പി നേതാവും ലക്ഷദ്വീപ് എംപിയുമായ പി പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവിനു വിധിച്ചു് കവരത്തി ജില്ലാ സെഷൻസ് കോടതി

കവരത്തി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. 2009 ൽ നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി എം സയീദിൻ്റെ മരുമകൻ പടനാഥ് സാലിഹിനെ മുഹമ്മദ് ഫൈസൽ ഉൾപ്പെട്ട സംഘം ആക്രമിച്ചെന്നാണ് കേസ്.

ഷെഡ്ഡ് നിർമ്മാണവുയി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതര പരിക്കേറ്റ സാലിഹ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. 23 പ്രതികളുണ്ടായിരുന്ന കേസിൽ നാലു പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പി പി ഫൈസലും സഹോദരനും ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതി അമീൻ പി പി മുഹമ്മദ് ഫൈസൽ എംപിയുടെ സഹോദരനാണ്.  രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. പ്രതികളായ നാലു പേരെയും കണ്ണൂർ ജയിലിലേക്കു റിമാൻഡ് ചെയ്യും. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും കവരത്തി ജില്ലാ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും എംപി പി പി മുഹമ്മദ് ഫൈസൽ അറിയിച്ചു. 2014 മുതൽ ലക്ഷദ്വീപിന്റെ എംപിയാണ് പി പി മുഹമ്മദ ഫൈസൽ.