അജണ്ടകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ അവതാരകർക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് പ്രധാനം. രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. റേറ്റിങ് മത്സരമാണ് ചാനലുകള്‍ നടത്തുന്നത്. TRP റേറ്റിങ്ങിന് വേണ്ടി ഒരു മടിയുമില്ലാതെ എന്തും വിളിച്ചുപറയാമെന്ന തോന്നലാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. ഇത്തരം ചാനലുകള്‍ ചില അജണ്ടകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതി.

ഇങ്ങനെയുള്ള ചാനല്‍ അവതാരകരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഇതിനായി എന്തെങ്കിലും നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ടോ എന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പൗരന്മാര്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന തരത്തിൽ ഇത്തരം ചാനലുകളിലെ അവതാരകര്‍ മനസ്സില്‍ തോന്നുന്നത് വിളിച്ചുപറയുന്നവരായി മാറരുതെന്നും വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതോ അതിൽ ഏർപ്പെടുന്നതോ ആയ വാർത്താ അവതാരകർക്കെതിരെ കർശന നടപടിയെടുക്കുവാനും കോടതി നിര്‍ദേശിച്ചു.

വിദ്വേഷ പ്രസംഗം തടയാന്‍ ക്രിമിനല്‍ നടപടി നിയമത്തില്‍ സമഗ്രമായ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് അറിയിച്ചു. കോടതിയുടെ മുമ്പാകെ ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണം ആലോചിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിദ്വേഷ പ്രചരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണത്തിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍കൂടി ഈ വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

UPSC ജിഹാദ്, കൊറോണ ജിഹാദ് എന്നീ വിദ്വേഷ പരാമര്‍ശങ്ങളോടെ സുദര്‍ശന്‍ ടി വി നടത്തിയ ടെലിവിഷന്‍ പരിപാടിക്കെതിരെയുള്ള കേസിലാണ് രാജ്യത്തെ വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തന ശൈലിക്കെതിരെ.യുള്ള സുപ്രീംകോടതിയുടെ വിമര്‍ശനം.