ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വെച്ചു നടത്തുന്ന റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനും അഖിലേഷ് യാദവും അരവിന്ദ് കെജ്‌രിവാളും എച് ഡി കുമാരസ്വാമിയും പങ്കെടുക്കും. കേന്ദ്രസർക്കാരിനെതിരെ സമാന മനസുള്ളവരെ ഒന്നിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) സംഘടിപ്പിക്കുന്ന റാലിയിൽ നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.
റാലിയിലേക്ക് കോൺഗ്രസിന് ക്ഷണമില്ല. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരത് രാഷ്ട്രീയ സമിതിയാക്കിയതിനു ശേഷമുള്ള ആദ്യ ബഹുജന റാലിയാണ് ഖമ്മത്ത് നടക്കുന്നത്. 2024ൽ കോൺഗ്രസിനും ബിജെപിക്കും ബദലായി സംഖ്യം ഒരുക്കുകയാണ് കെസിആറിന്റെ ലക്ഷ്യം. ഫെഡറലിസത്തിനും കർഷകർക്കുമെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനങ്ങളെ എതിർക്കാനുള്ള കൂട്ടായ്മ എന്നാണ് ബിആർഎസ് റാലിയെ വിശേഷിപ്പിക്കുന്നത്.
പിണറായി വിജയനും ചന്ദ്രശേഖര റാവുവും തമ്മിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിനെ ഉൾപ്പെടുത്തിക്കൊണ്ട് ബദൽ നീക്കം ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ആം ആദ്മി പാർട്ടിയ്ക്കും ബിആർഎസിനും ക്ഷണമില്ല .