നേപ്പാൾ വിമാനാപകടം വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചു

കാഠ്‌മണ്ഡു :  ഞായറാഴ്ച രാവിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്കുള്ള യാത്രയിൽ പൊഖാറയിൽ തകർന്ന് വീണ യതി എയർലൈൻസിൻറെ Air ATR72 വിമാനത്തിലെ 68 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമടക്കം 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ആനിക്കാട് ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തി പത്തനംതിട്ടയിൽ നിന്ന് മടങ്ങിപ്പോയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർക്കും നേപ്പാൾ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്.

നാൽപ്പതിലേറെ വർഷം നേപ്പാളിൽ സുവിശേഷകനായിരുന്ന പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അഞ്ചംഗ സംഘം വെള്ളിയാഴ്ചയാണ് മാത്യു ഫിലിപ്പിന്‍റെ വീട്ടിലെത്തിയത്. ചടങ്ങുകൾക്ക് ശേഷം ശനിയാഴ്ചയാണ് അഞ്ച് പേരും തിരികെ പോയത്. സംഘത്തിലെ മറ്റുരണ്ടുപേരായ ദീപക്ക് തമാങ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങി. മറ്റ് മൂന്ന് പേർ പൊഖാറയിലേക്ക് പോകവെയാണ് വിമാനം തകർന്ന് വീണത്.

അപകടത്തിൽപ്പെട്ട വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും ഉണ്ട്. രാവിലെ 10.33നാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറയിലേക്ക് വിമാനം പറന്നുയർന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിൽ തീജ്വാലകൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്.അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറൻ നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം. ലാൻഡിങ്ങിന് വെറും 10 സെക്കൻഡുകൾ ശേഷിക്കെയായിരുന്നു ദുരന്തം.

പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയിൽ, സേതി നദീതിരത്താണ് വിമാനം തകർന്നു വീണത്. അഞ്ച് ഇന്ത്യക്കാർക്ക് പുറമെ, 53 നേപ്പാൾ സ്വദേശികൾ നാല് റഷ്യക്കാർ, രണ്ട് കൊറിയൻ സ്വദേശികൾ, ഓരോ അയർലണ്ട് അർജന്‍റീന ഫ്രാൻസ് സ്വദേശികളുമാണ് തകർന്ന വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ കമ്മീഷനെ നേപ്പാൾ സർക്കാർ ചുമതലപ്പെടുത്തി. നേപ്പാൾ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നേപ്പാളിൽ ആഭ്യന്തര സർവ്വീസിന് ഉപയോഗിക്കുന്ന വിമാനമാണിത്.