മികച്ച വിജയം നേടിയ വിരാട് കോഹ്ലിയ്ക്കും ടീമിനും അനുമോദനവുമായി മുഖ്യമന്തി പിണറായി വിജയൻ

തിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ 317 റണ്‍സിന്റെ റെക്കോഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനും റോക്കോർഡ് നേട്ടത്തിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്.

ഇതോടെ 2008 ല്‍ അയര്‍ലണ്ടിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സിന്റെ റെക്കോര്‍ഡ് ജയം പഴങ്കഥയായി. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍മഴ പെയ്യിച്ചപ്പോള്‍ 3-0 നാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി ഇന്ന് പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോഹ്ലിക്ക്. റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ടീം ഇന്ത്യക്കും ആശംസകള്‍ ” മുഖ്യമന്ത്രി കുറിച്ചു.

മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോഹ്ലി (166*), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയുമാണ് ലങ്കയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 73 റണ്‍സിന് എല്ലാവരും പുറത്തായി.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ശുഭ്മാന്‍ ഗില്ലിന്റെ (116) പേരിലായി. സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം മികച്ച പ്രകടനത്തോടെ കോഹ്ലിയ്ക്ക് സ്വന്തമായി.