തിരുവനന്തപുരം: ഗുണ്ടകളുമായും മാഫിയകളുമായും രഹസ്യ ബന്ധമുള്ള 23 പോലീസുകാർക്കെതിരെ സംസ്ഥാനത്ത് വിജിലൻസ് അന്വേഷണം.തലസ്ഥാന ജില്ലയിൽ നിന്നുള്ളവരാണ് പട്ടികയിൽ ഉൾപ്പെട്ടവരിൽ അധികവും.10 പോലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്പെഷ്യൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് 23 പോലീസുകാരുടെ പട്ടിക തയ്യാറാക്കിയത്.
മാഫിയകളും ഗുണ്ടകളുമായി ബന്ധം പുലർത്തുന്നവരുടെ സ്വത്ത്, മണൽ-മണ്ണ് മാഫിയാ ബന്ധം, പലിശക്കാരുമായുള്ള അടുപ്പം, പരാതികൾ ഒത്തുതീർപ്പാക്കുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ച് ധനം സമ്പാദിക്കുന്നവർ അടക്കമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ളവർ വരെ പട്ടികയിലുണ്ട്. മറ്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടി തുടങ്ങി.
വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ വിജിലൻസ് ഇന്റലിജൻസ് വിഭാഗം പ്രാഥമിക വിവരം ശേഖരിച്ച് റിപ്പോർട്ട് നൽകും. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ അന്വേഷണം നടത്തും. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ വിജിലൻസ് ഡയറക്ടർ പോലീസ് ആസ്ഥാനത്തു നിന്നും അനുമതി വാങ്ങി തുടർ നടപടി സ്വീകരിക്കും.