എന്തിനും ഏതിനും നികുതി ചുമത്തിയ ജനവിരുദ്ധ ബജറ്റിനെതിരെ ഇന്ന് കോൺഗ്രസിന്റെ കരിദിനം

തിരുവനന്തപുരം: ജനവിരുദ്ധ ബജറ്റിലൂടെ സർക്കാർ നടത്തിയ നികുതി കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.തീർത്തും ജനവിരുദ്ധമായ ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രതിഷേധിക്കാനാണ് കോൺ​ഗ്രസ് തീരുമാനം.

ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികൾ നടത്തും. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും ഉണ്ടാകും.കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കേരളത്തിന്‍റെ ചരിത്രത്തില്‍ ഇങ്ങനൊരു നികുതി വര്‍ധനവുണ്ടായിട്ടില്ല. അതിനാൽ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും സംസ്ഥാനത്ത് നടക്കാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.