ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ തെളിവുകൾ പുറത്തുവിട്ട് നാസ

ന്യൂയോർക്ക് ∙ ശതകോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ചൊവ്വയിൽ വെള്ളമൊഴുകിയിരുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവ് നാസയുടെ ക്യൂരിയോസിറ്റി റോവർ കണ്ടെത്തി. ജലപ്രവാഹം മൂലം ഗ്രഹോപരിതലത്തിലെ പാറകളിൽ തിരകൾ പോലുള്ള ഘടന രൂപപ്പെട്ടതാണ് കണ്ടെത്തിയത്. അന്ന് അവിടെയുണ്ടായിരുന്ന തടാകത്തിലെ വെള്ളത്തിന്റെ ചലനം മൂലം പാറകളിൽനിന്നു ചില ധാതുക്കൾ അടർന്നുമാറിയതിനാലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് നാസ അറിയിച്ചു.

ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ഗവേഷണത്തിലെ നിർണായക സംഭവമാണിതെന്ന് നാസയിലെ അശ്വിൻ വാസവദ പറഞ്ഞു. നാസയുടെ ചൊവ്വ സയൻസ് ലാബ് (എംഎസ്എൽ) പര്യവേക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്ന ശാസ്ത്രജ്ഞനാണ് ഇന്ത്യൻ വംശജനായ അശ്വിൻ. 2013ൽ നാസയുടെ എക്സെപ്ഷനൽ അച്ചീവ്മെന്റ് മെഡൽ നേടിയ ഈ തമിഴ്നാട്ടുകാരൻ വ്യാഴത്തിലേക്കുള്ള ഗലീലിയോ മിഷനിലും ശനിയിലേക്കുള്ള കസീനി മിഷനിലും അംഗമായിരുന്നു.പ്രാചീനകാലത്ത് ചൊവ്വയിൽ വമ്പൻ മണൽക്കാറ്റുകളടിച്ചതിന്റെ തെളിവുകളും ക്യൂരിയോസിറ്റിക്കു കിട്ടിയിട്ടുണ്ട്. ചൊവ്വയിലെ കാലാവസ്ഥ വളരെ സങ്കീർണമായിരുന്നെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.