കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നു യുഡിഎഫും ബിജെപിയും ,മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.കോൺഗ്രസ് മാത്രമല്ല, കൂടെ ബിജെപിയും സമരത്തിലുണ്ട് എന്നതാണ് വിചിത്രമായ കാര്യം. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരും.

പത്ത് വര്‍ഷം രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആന്ധ്രയിലെ കെജി ബേസിനില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്‍റെ വില വര്‍ദ്ധിപ്പിക്കണമെന്ന റിലയന്‍സിന്‍റെ ആവശ്യം അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്‌പാൽ റെഡ്ഢി അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് പാത്രമായ ജയ്പാല്‍ റെഡ്ഢിയെ തല്‍ക്ഷണം സ്ഥാനത്തുനിന്നും മാറ്റുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്.2015ലെ ബജറ്റില്‍ പെട്രോളിനും – ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്‍റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു എന്നോര്‍ക്കണം.എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സ്.

കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങളാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതിന് കാരണം. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാകലങ്ങള്‍ മുഖവിക്കെടുക്കില്ല.കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നല്ല രീതിയിൽ കൊണ്ടു പിടിച്ച് പ്രചരണം നടത്തുന്നു.പര്‍വ്വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്; വസ്തുതകളാണ്. അവ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അസമത്വപൂര്‍ണ്ണമായ നയവും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സമീപനവുമാണ് തെളിയുക ,മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.