തൃശൂർ: ലോറിയുടെ മുകളിൽ നിന്ന് പറന്നുപോയ ടാർപ്പായ എടുക്കാൻ ലോറി പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് കമ്പി കുത്തിക്കയറി ബൈക്ക് യാത്രികനായ പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടില്‍ ശൈലേശന്‍ മകന് ശ്രദ്ധേഷ് (21) എന്ന യുവാവ് മരിച്ചു.
അപകടം ഉണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തിയ പീച്ചി പോലീസ് പോലീസ് വാഹനത്തില്‍ ഇയാളെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.വാഹനത്തിന്റെ ടാര്‍പ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയതെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.
കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതാണ് അപകടകാരണം. തൊട്ടുപിന്നാലെ വന്ന ശ്രദ്ധേഷിന്റെ കഴുത്തിലും നെഞ്ചിലുമായി കമ്പി കുത്തികയറുകയായിരുന്നു.വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ശ്രദ്ധേഷിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.സംഭവത്തിൽ പൊലീസ് കേസെടുത്തു.