ഡോക്യുമെൻ്ററി വിവാദം,ഡൽഹി,മുംബൈ ബി ബി സി ഓഫീസുകളിൽ റെയ്‌ഡ്‌

ന്യൂ ഡൽഹി: ഡോക്യുമെൻ്ററി വിവാദത്തിനിടെ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്‌ഡ്‌ നടത്തുന്നതായി റിപ്പോർട്ട്. ബി ബി സി ഓഫീസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരടക്കമുള്ള ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി പരാതി.

രാവിലെ പതിനൊന്നരയോടെ തുടങ്ങിയ റെയ്‌ഡ്‌ മണിക്കൂറുകളായി തുടരുകയാണ്.ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ‘ എന്ന ബിബിസി ഡോക്യമെന്ററി വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. . ബി ബി സി ഓഫീസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരടക്കമുള്ള ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായി പരാതിയുണ്ട്.  കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന വിമർശനം നേരിടുമ്പോൾ തന്നെയാണ് ഇത്തരമൊരു റെയ്‌ഡ്‌ നടക്കുന്നത്.

റെയ്‌ഡ്‌ അല്ല, സർവേയാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നികുതി അടച്ചതുമായും സാമ്പത്തിക സമാഹരണവുമായും ബന്ധപ്പെട്ട് ബി ബി സി ക്കെതിരെ പരാതി ഉണ്ടായിരുന്നു എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.