രാത്രി പിന്നിലൂടെത്തി കടന്നു പിടിച്ചു; ‘സ്വര്‍ണം എടുത്തോളൂ, കൊല്ലരുത്’: കരഞ്ഞ് പറഞ്ഞിട്ടും തലയ്ക്കടിച്ചു

തെങ്കാശി∙ ജില്ലയിലെ പാവൂര്‍സത്രത്തില്‍ മലയാളിയായ വനിത ഗേറ്റ് കീപ്പര്‍ അക്രമിയുടെ പീഡന ശ്രമത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴം രാത്രി 8.30ന് ആയിരുന്നു സംഭവം.

ഗേറ്റ് കീപ്പറുടെ മുറിയില്‍ നിന്ന വനിതയെ പിന്നില്‍ക്കൂടി എത്തിയ ആക്രമി കടന്നു പിടിക്കുകയായിരുന്നു. ആക്രമിയില്‍നിന്നു രക്ഷപെടാനായി സ്വര്‍ണ്ണം എടുത്തിട്ട് തന്റെ ജീവന്‍ തിരികെ തരണമെന്ന് യുവതി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവര്‍ എടുത്ത് യുവതിയുടെ തലയ്ക്ക് ആക്രമി അടിച്ചു. ഇതോടെ യുവതി സര്‍വ ശക്തിയുമെടുത്ത് ആക്രമിയെ തള്ളിമാറ്റി പുറത്തേക്ക് നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇതോടെ ആക്രമിയും മറുവശത്തേക്ക് ഓടി രക്ഷപെട്ടു.തെങ്കാശി – തിരുനെല്‍വേലി പാതയിലാണ് ഈ റെയില്‍വെ ഗേറ്റ്. എപ്പോഴും തിരക്കുള്ള സ്ഥലമാണിത്. ഗേറ്റിനോട് ചേര്‍ന്നു വീടുകളൊന്നുമില്ല. തെങ്കാശി എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.