കുടിവെള്ളത്തിൽ അഴുക്ക്: പരാതിപ്പെട്ട വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടു

കാസർകോട്∙ ഗവണ്‍മെന്റ് കോളജിൽ കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട് അപമാനിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് കോളജ് പ്രിൻസിപ്പൽ എം.രമ.

ക്യാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാർഥികളോടാണ് പ്രിൻസിപ്പൽ എം.രമ അപമര്യാദയായി പെരുമാറുകയും ചേംബറിൽ പൂട്ടിയിടുകയും ചെയ്തത്. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച പ്രിൻസിപ്പല്‍ വിദ്യാർഥികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.‘‘വാട്ടർ പ്യൂരിഫയറിൽനിന്നു ലഭിച്ച വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്ഐ പ്രിൻസിപ്പലിനെ കണ്ടത്. ഈ വെള്ളം കുടിച്ചാൽ മതി എനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന നിലപാടിൽ വിദ്യാർഥികൾ അവിടെ കുത്തിയിരിക്കുകയായിരുന്നു. 15ൽ പരം വിദ്യാർഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട് പുറത്തിറങ്ങിയത്’’ – വിദ്യാർഥികൾ പറഞ്ഞു.

സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരപരിപാടികൾക്കൊരുങ്ങുകയാണ് വിദ്യാർഥികൾ.