എന്നെ ആക്ഷേപിക്കുന്നതിന് വേണ്ടി പാവപ്പെട്ട ഒരു രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ല, വിഡി സതീശൻ

തിരുവനന്തപുരം : എന്നെ ആക്ഷേപിക്കുന്നതിന് വേണ്ടി പാവപ്പെട്ട ഒരു രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ല.അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ എംഎല്‍എയെന്ന നിലയില്‍ ഞാൻ ഒപ്പിട്ട് നല്‍കിയത്.രണ്ട് വൃക്കകളും തകരാറിലാണെന്നും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെന്നുമുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും രണ്ട് ലക്ഷത്തില്‍ താഴെയാണ് വരുമാനമെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പണ്ടായിരുന്നെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വില്ലേജ് ഓഫീസറുടെയും ഡോക്ടറുടെയും സര്‍ട്ടിഫിക്കറ്റുമായി എത്തിയാല്‍ അത് മുഖ്യമന്ത്രിക്ക് ഫോര്‍വേഡ് ചെയ്യുകയെന്നതാണ് എംഎല്‍എയുടെ പണി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വില്ലേജ് ഓഫീസിലേക്ക് നല്‍കുന്ന അപേക്ഷ വില്ലേജ് ഓഫീസറും തഹസീല്‍ദാറും ഒന്നു കൂടി പരിശോധിച്ച ശേഷം കളക്ടറേറ്റിലേക്കും അവിടെ നിന്നും റവന്യൂ വകുപ്പിലേക്കും അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നല്‍കും വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ പണം കൈപ്പറ്റിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രവാസിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് നൽകിയ ശുപാർശക്കത്തും പുറത്ത് വന്നതിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.പണമുണ്ടായിട്ടും ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കൈപ്പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തിയ പ്രവാസിക്ക് വേണ്ടി വിഡി സതീശൻ എംഎൽഎ നൽകിയ കത്തെന്ന പേരിൽ ഇത് പ്രചരിച്ചു.

പറവൂര്‍ സ്വദേശിയായ പ്രവാസി മുഹമ്മദ് ഹനീഫയ്ക്ക് ചികിത്സാ സഹായത്തിന് വേണ്ടിയാണ് വിഡി സതീശന്‍ ശുപാര്‍ശ ചെയ്തിരുന്നത്. നിര്‍ദ്ധന കുടുംബാംഗമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തില്‍ പറഞ്ഞിരുന്നു.അനര്‍ഹര്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കൈപ്പറ്റിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.