തിരുവനന്തപുരം: വിദേശത്തുള്ള കാമുകനെ വിളിച്ചുവരുത്തി ബന്ദിയാക്കി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചിറയിൻകീഴ് സ്വദേശിയായ യുവതിയെയും സംഘത്തെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് കോട്ടാർ സ്വദേശി അബ്ദുൽ ഖാദർ ദുബായിലെ ഒരു കമ്പനിയുടെ മാനേജരായി ജോലി നോക്കുന്നതിനിടെ യുവതിയുമായി പ്രണയത്തിലായി. ഇവർ കഴിഞ്ഞ ആറ് മാസമായി ലിവിംഗ് ടുഗദറിലായിരുന്നു,
ഒരുമിച്ചു ജീവിക്കുന്നതിനിടെ യുവതി നാട്ടിലേക്ക് വന്നു. തനിക്ക് മറ്റ് വിവാഹാലോചനകൾ വരുന്നുണ്ടെന്നും, നാട്ടിലെത്തി വീട്ടുകാരുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഖാദറിനെ വിളിച്ചു. ഇതുപ്രകാരമാണ് ഖാദർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന യുവതിയും സംഘവും ചേർന്ന് അബ്ദുൽ ഖാദറിനെ ചിറയിൻകീഴിലെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് മർദ്ദിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നു.
ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.ഒരു ദിവസം ബന്ദിയാക്കിയശേഷം പിറ്റേന്ന് അബ്ദുൽഖാദറിനെ വിമാനത്താവളത്തിന് മുന്നിൽ ഇറക്കിയശേഷം ഇൻഷയും ക്വട്ടേഷൻ സംഘവും കടന്നുകളഞ്ഞു. നാട്ടിലെത്തിയ അബ്ദുൽഖാദർ ബന്ധുക്കളുമായി ചേർന്ന് വലിയതുറ പൊലീസിൽ പരാതി നൽകി.പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തു.