ന്യൂഡൽഹി : വടക്കുകിഴക്കൻ തെരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി നേതാക്കൾക്ക് അഭിനന്ദനം അറിയിച്ചു് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ബിജെപി ആസ്ഥാനത്തെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനത്തിന് നന്ദി. ബിജെപി നേതാക്കൾക്ക് അഭിനന്ദനം അറിയിക്കുന്നു. രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തെരഞ്ഞെടുപ്പുഫലം. ഇത് വടക്ക് കിഴക്കൻ ജനതയുടെ ജയമാണ്. ത്രിപുരയിൽ മുൻകാല ഭരണത്തിൽ മറ്റുപാർട്ടികൾക്ക് പതാക ഉയർത്താൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മുൻപിൽ ശിരസ്സ് കുനിക്കുന്നു. ഒരുകാലത്ത് തെരഞ്ഞെടുപ്പ് കാലം അക്രമത്തിൻ്റെ കാലഘട്ടം ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചിരുന്നു. പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം. പ്രധാനമന്ത്രി ആയ ശേഷം ഞാൻ നിരവധി തവണ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എല്ലാവരെയും വേർതിരിവ് ഇല്ലാതെ ഞങ്ങൾ സേവിക്കുന്നു. എല്ലാവരുടെയും ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യം”
തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ്.”- പ്രധാനമന്ത്രി പറഞ്ഞു.“കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കും. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു. കേരളത്തിലെ ജനങ്ങളും ഇത് കാണുന്നുണ്ട്. ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയും. ഇരു പാർട്ടികളും ഒന്നിച്ചു എന്നതാണ് യാഥാർത്ഥ്യം. നാഗാലാൻഡിൽ ആദ്യ വനിതാ ജനപ്രതിനിധിയെ ബിജെപി കൊണ്ടുവന്നു. ഇത് രാജ്യത്തെ വനിതകൾക്ക് അഭിമാന നേട്ടമാണ്. ചിലർ മോദിയുടെ ശവക്കുഴി തോണ്ടുന്നത് ചിന്തിക്കുന്നു. അവർ സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടേയിരിക്കുന്നു. ചിലർ മോദി മരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാൽ മോദി പോവരുത് എന്ന് ജനം ആവശ്യപ്പെടുന്നു.
ബിജെപി ഹിന്ദി ബെൽറ്റിലെ പാർട്ടി എന്ന് പരിഹസിച്ചു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ ഇതെല്ലാം മാറി മറിഞ്ഞതിൻ്റെ ഉദാഹരണമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ചെറിയ സംസ്ഥാനങ്ങളെ അവഗണിച്ച് വലിയ തെറ്റ് ചെയ്യുന്നു. ജനങ്ങൾക്ക് വേണ്ടി ബിജെപി ചെയ്ത സേവനങ്ങളെ ചെറിയ കാര്യങ്ങൾ എന്ന് കോൺഗ്രസ് പരിഹസിച്ചു. ഈ മനോഭാവം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പരാജയപ്പെടുത്തും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രൈസ്തവ സമൂഹം ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറഞ്ഞു.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.