അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്ന് നിർമ്മിക്കുന്ന, രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ബോക്സ് ഓഫീസിൽ വൻ കളക്ഷൻ വാരിക്കൂട്ടി ഇപ്പോഴും പ്രദർശനം തുടരുന്ന രോമാഞ്ചം എന്ന സിനിമയുടെ സംവിധായകൻ ജിത്തു മാധവനും അൻവർ റഷീദ് എന്റർടെയ്ൻമെന്റും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ഒന്നിക്കുന്നു.ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സിനിമയുടെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.സമീർ താഹിർ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഹൊറർ കോമഡി വിഭാഗത്തിലെത്തിയ രോമാഞ്ചം ഇപ്പോഴും തകർത്തോടുകയാണ്.കേരളത്തിൽ നിന്ന് മാത്രം 32 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. ഓവർസീസ് കളക്ഷൻ 17 കോടിയോളമാണ്. കേരളത്തിന് പുറത്ത് 3 കോടിക്കടുത്ത് ചിത്രം നേടി.60 കോടിയോളം കളക്ഷൻ ചിത്രം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ്. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിന്റെ സം​ഗീത സംവിധാനം സുശിൻ ശ്യാം ആണ്.