യേശു ആണെന്ന് സ്വയം അവരോധിച്ച ആൾ ദൈവത്തെ കുരിശ്ശിലേറ്റാൻ നാട്ടുകാർ, ക്രൈസ്റ്റ് ജീവൻ രക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ

നെയ്‌റോബി : താൻ ക്രിസ്തുവാണെന്ന അവകാശവാദവുമായി വന്ന ആൾദൈവത്തെ നാട്ടുകാർ കുരിശിലേറ്റുമെന്ന് ഭയന്ന് പോലീസിൽ അഭയം തേടി. യേശു ക്രിസ്തുവെന്ന് പറഞ്ഞു നടന്ന കെനിയൻ വംശജനായ എലിയു സിമിയുവിനെ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ മുന്നിട്ടിറങ്ങിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.

നെയ്‌റോബി ബങ്കാമ കൗണ്ടിയിൽ നിരവധി അനുയായികളുമായി ഏറെക്കാലങ്ങളായി യേശു ക്രിസ്തുവിന് സമാനമായ വസ്ത്രധാരണത്തോടെ ജീവിച്ചുവരുകയായിരുന്ന എലിയു സിമിയുവിനെ പരീക്ഷിക്കാൻ പ്രദേശവാസികൾ തയ്യാറെടുത്തതോടെയാണ് ആൾ ദൈവം കുടുങ്ങിയത്. എലിയു യഥാർത്ഥ യേശു ക്രിസ്തു തന്നെയാണെങ്കിൽ ഉയർത്തെഴുന്നേൽക്കുമെന്നു നാട്ടുകാർ പ്രചരിപ്പിച്ചു. ഇതിനായി ദുഖവെള്ളി തന്നെ ഇവർ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതറിഞ്ഞതോടെ പരിഭ്രാന്തിയിലായ എലിയു സിമിയു തന്റെ ജീവൻ സംരക്ഷിക്കണമെന്ന അഭ്യർത്ഥനയോടെ പോലീസിനെ സമീപിച്ചത്.

ഇയാൾ യഥാർത്ഥത്തിൽ യേശു ക്രിസ്തുവാണെങ്കിൽ മരിച്ച് നിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും സ്വർഗത്തിലേക്ക് കയറുമെന്നും അതിനാൽ ആരും വിഷമിക്കേണ്ട കാര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു.തീർച്ചയായും യേശുക്രിസ്തുവിനെ പരീക്ഷിച്ചതുപോലെ തീർച്ചയായും നാം ഇവന്റെ വിശ്വാസത്തെയും പരീക്ഷിക്കണമെന്നും ജനം പറഞ്ഞു.