ഡൽഹി : കുട്ടിക്കാലത്ത് പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ക്രൂരമായി മർദ്ദിക്കുന്ന പിതാവിനെ ഭയന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നിട്ടുണ്ടെന്നും പെൺകുട്ടികൾ അനുഭവിക്കേണ്ടിവരുന്ന ദുരിത ജീവിതത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത് അന്ന് മുതലാണെന്നും ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ തെന്നിന്ത്യൻ നടി ഖുഷ്ബു സുന്ദറും താൻ പിതാവിൽ നിന്ന് ലൈംഗിക പീഡനം ഏറ്റിരുന്നെന്നും തന്റെ കുട്ടിക്കാലത്തെ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിനകത്തു നിന്ന് തന്നെയാണ് ഒരു സ്ത്രീയുടെ പീഡന ജീവിതം തുടങ്ങുന്നതെന്ന സത്യം ഇപ്പോൾ വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളും പറയുന്നു.
” നാലാം ക്ലാസിൽ പഠിക്കുന്നത് വരെ പിതാവിന് ഒപ്പമാണ് താമസിച്ചിരുന്നത്. അയാൾ വീട്ടിൽ വരുമ്പോഴൊക്കെ ഭയമായിരുന്നു. ലൈംഗികമായി പലവട്ടം പീഡിപ്പിച്ചു. പലപ്പോഴും അയാളെ ഭയന്ന് കട്ടിലിന് അടിയിൽ ഒളിച്ചിരിക്കുമായിരുന്നു. മുടിയിൽ പിടിച്ച് വലിച്ച് ഭിത്തിയിൽ ചേർത്ത് മർദിക്കുമായിരുന്നു. പലപ്പോഴും ശരീരത്തിൽ നിന്നും രക്തം വന്നിട്ടുണ്ട്… പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളെക്കുറിച്ചും അവർക്ക് സഹായം എത്തിക്കണമെന്നും ആലോചിച്ച് തുടങ്ങിയതും അങ്ങനെയാണ്.ഒരു വ്യക്തി ഒരുപാട് ക്രൂരതകൾ അനുഭവിക്കുമ്പോഴാണ് അതിനെതിരെ പോരാടണമെന്ന് തോന്നുക. അത് ഒരു സിസ്റ്റത്തെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അഗ്നിയെ ഉണർത്തും.”സ്വാതി മലിവാൾ പറഞ്ഞു.
ഓരോ ദിവസവും രണ്ടായിരം മുതൽ നാലായിരം വരെ ഫോൺകോളുകളാണ് സഹായം അഭ്യർഥിച്ച് എത്തുന്നത്. താൻ വനിതാ കമ്മീഷൻ മേധാവിയായിരിക്കെ ആറു വർഷത്തിനിടെ ഇത്തരത്തിലുള്ള ഒരു ലക്ഷം കേസുകളാണ് കൈകാര്യം ചെയ്തത്.ഇതിന് മുമ്പുണ്ടായിരുന്ന മേധാവി എട്ട് വർഷത്തിനിടെ ഒരു കേസ് മാത്രമാണ് പരിഗണിച്ചതെന്നും സ്വാതി മലിവാൾ വിമർശിച്ചു.